Sunday 15 February, 2009

ഒരു പുലരിയോളം

നിന്റെ ചിത്രമെന്റെ മുന്നില്‍
ഒരു തിരിയായ്
എരിഞ്ഞടങ്ങുമ്പോള്‍ ,
മനസ്സില്‍ വിരിഞ്ഞു തുടങ്ങിയ
കുരുന്നുതാരങ്ങള്‍
എവിടേക്കു വീഴുമെന്നോര്‍ത്ത്
കരയാന്‍ തുടങ്ങുന്നു.

അറിയില്ലെനിക്ക്
നിന്റെ വിചാരങ്ങള്‍ ;
നിന്റെ വിചിത്രമായ വാശികളും.
പക്ഷേ എനിക്കറിയാമായിരുന്നു,
നിന്റെ നീലമിഴികളുടെ ആഴം.
അറിയാമായിരുന്നു, നിന്റെ മുടിയുടെ സുഗന്ധം.

നീയെനിക്കിപ്പോള്‍
ഒരു വിരലോളം അകലത്തിലാണ്.
ഒന്നു കൈ നീട്ടിയാല്‍ തൊടാം.
ഒന്നു നോക്കിയാല്‍, ഒന്നു ചിരിച്ചാല്‍
തമ്മിലറിയാം.

എന്നിട്ടും,
നീ മുഖം തിരിച്ചു നില്‍ക്കുന്നതെന്തേ?
എന്തേ, നിന്റെ മിഴികളില്‍
വിഷാദം നിറയുന്നു?

നീ പറഞ്ഞ വാക്കുകളുടെ
പൊരുളറിയാന്‍ കഴിഞ്ഞെങ്കില്‍
എനിക്കു നിന്റെ മുഖം
കാണുവാനായേനേ..
നിന്റെ മൗനത്തിന്റെ വ്യാപ്തി
മനസ്സിലാക്കുവാനായിരുന്നെങ്കില്‍
നീയെനിക്കിന്ന്‍
അന്യയായി തീരില്ലായിരുന്നു.

ഈ രാത്രികളില്‍,
എന്റെ സ്വപ്നങ്ങളില്‍ പോലും വരാതെ
നീയെന്നെ മറക്കുമ്പോള്‍ ..
നിന്റെ വിരല്‍ത്തുമ്പ്
എന്റെ കൈയില്‍ നിന്നു
വഴുതിമാറുമ്പോള്‍ ..
ഞാന്‍ വീണ്ടും തനിച്ചായതുപോലെ.
നിന്റെ ശ്വാസതാളങ്ങള്‍
എനിക്കന്യമായതു പോലെ.

എങ്കിലും, എനിക്കറിയാം..
ഒരു തൂവലിന്റെ നേര്‍ത്ത സ്പര്‍ശം കൊണ്ട്
ഈ സ്വപ്നത്തില്‍ നിന്നും
എന്നെയുണര്‍ത്താന്‍
നീ വരാതിരിക്കില്ല.
എന്റെ പാട്ടുകള്‍
നീ കേള്‍ക്കാതിരിക്കില്ല.

പക്ഷേ, അതുവരെ
ഈ മഞ്ഞുതുള്ളികള്‍
പൊഴിയാതിരുനെങ്കില്‍ ..
അതുവരെ
ഈ മുല്ലപ്പൂക്കള്‍
വാടാതിരുന്നെങ്കില്‍ ..

ഒരു മിഴിനീര്‍ത്തുള്ളിയുടെ ഓര്‍മ്മ

നിനക്കു പറയാന്‍ എന്നും
ഒരുപാട് കഥകളുണ്ടായിരുന്നു.

ഓരോ കഥയുടെയും ഒടുവില്‍
നിന്റെ കണ്ണുകള്‍ നനഞ്ഞിരിക്കും.

നിന്റെ ഉള്ളില്‍
എന്തോ വിഷമമുണ്ടെന്ന്
എനിക്കു തോന്നിയിരുന്നു.
ആദ്യമേ തന്നെ ഞാന്‍
നിന്നോടതു ചോദിക്കുകയും ചെയ്തു.

കവിത തുളുമ്പുന്ന വാക്കുകള്‍
നിന്റെ മറുപടിയില്‍
ഉണ്ടായിരുന്നില്ല.

എങ്കിലും നിന്റെ സാന്നിദ്ധ്യം
ഒരു പാട്ടു പോലെ
എന്നെ തളര്‍ത്തിയിരുന്നു.

യാത്ര ചെയ്ത വഴികളിലെല്ലാം
ഞാനാ സ്വരം തിരഞ്ഞിരുന്നു.

എനിക്കറിയാമായിരുന്നു,
ഏതൊരു കാറ്റിലും
നിന്റെ സാമീപ്യമുണ്ടെന്ന്.

ഞാന്‍ മറന്നു പോയ വരികള്‍
എന്നെ ഓര്‍മ്മിപ്പിച്ചതു നീയാണ്.
നിന്റെ കണ്ണുകളാണ്
എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.

രാത്രികളുടെ ദൈര്‍ഘ്യമോര്‍ത്ത്
ഞാനാദ്യമായി ആകുലനായത്
നിന്നെ പരിചയപ്പെട്ടതിനു ശേഷമാണ്.

രാത്രികള്‍ ഉറങ്ങാനുള്ളതല്ലെന്നും,
ഉണര്‍ന്നു കിടന്ന് സ്വപ്നം കാണാനുള്ളതാണെന്നും
നീയാണെന്നെയോര്‍മ്മിപ്പിച്ചത്.

ഞാന്‍ ഉറങ്ങുവോളം
എനിക്ക് കാവലായിരുന്നത്
നിന്റെ വാത്സല്യമായിരുന്നു.

നിന്റെ മടിയില്‍ തലചായ്ചുറങ്ങാനാണ്
ഞാനെന്നും കൊതിച്ചിരുന്നത്.

കൈവിട്ടു പോയെന്നു കരുതിയതെന്തോ
നീയെനിക്കു നേടിത്തന്നിരുന്നു.

അകന്നു പോവുന്ന
ഒരു സ്നേഹതിന്റെ ഓര്‍മ്മ
നീയെന്നില്‍ ഉണര്‍ത്തിയിരുന്നു.

ഇന്നീ വഴിയില്‍
തനിച്ചു നടക്കുമ്പോള്‍
ഞാനറിയൂന്നു,
എനിക്കു നഷ്ടമായതെന്തെന്ന്.

എന്റെ ഓര്‍മകള്‍ക്കു പോലും
ഇന്നു നിന്റെ മുഖം പരിചയമില്ല.

നീയൊരു മിഴിനീര്‍ത്തുള്ളിയായ്
എന്റെ മിഴികളില്‍ നിറയുന്നു.

നിന്റെ ചിന്തകള്‍
ഇന്നെനിക്കൊരു വേദനയാണ്.

ഓര്‍മ്മകളുടെ സുഗന്ധം

എത്ര മഴക്കാലങ്ങള്‍ മാഞ്ഞു പോയി,
എത്രയോ സന്ധ്യകള്‍ നിറം മങ്ങി വീണു.

എന്നിട്ടുമെന്തേ,
ഒരു സ്വപ്നമായെങ്കിലും
നീയെന്നരികിലെത്തിയില്ല?

നീയരികിലില്ലാത്ത വേദനയില്‍
നിന്റെ മുഖം പോലും
എനിക്കോര്‍മ്മ വരുന്നില്ല.
നിന്റെ വാക്കുകളൊന്നും
കേള്‍ക്കുന്നുമില്ല.

നിന്റെ ഓര്‍മ്മകള്‍
എന്റെ ഉള്ളില്‍ എരിഞ്ഞു കത്തുന്നു.
നീയൊരു പാട്ടായി
ചുണ്ടില്‍ വിരിയുന്നു...

...

അന്നു നാമൊന്നിച്ചു പോയ
വഴികളിലൂടെ
ഞാനിന്നലെ വെറുതെ നടന്നു.

മാഞ്ഞുപോയ നിന്റെ
കാലടിപ്പാടുകള്‍ക്കായ്
അറിയാതെയെന്‍ മിഴികള്‍ പരതി.

ഒരു കാറ്റിലലിഞ്ഞു പൊഴിയുന്ന
നിന്റെ പാദസരക്കിലുക്കം
കേള്‍ക്കാനെന്‍ മനസ്സു കൊതിച്ചു.

നിന്റെ നിഴലുകള്‍ വീണുമാഞ്ഞ
പുഴയോരത്തു ഞാന്‍
എല്ലാം മറന്നു നിന്നു.

നാമൊന്നിച്ച് നനഞ്ഞ
വേനല്‍മഴകളുടെ ഓര്‍മ്മയില്‍
വീണ്ടുമെന്‍ ഹൃദയം കുളിര്‍ത്തു.

നിന്റെ സ്വരങ്ങളലിഞ്ഞു ചേര്‍ന്ന കാറ്റില്‍
നിന്റെ പാട്ടിനായി
ഞാന്‍ കാതോര്‍ത്തു.

അറിയാതെയെന്‍ വിരലുകള്‍ കൊതിച്ചു,
നിന്റെ വിരല്‍ത്തുമ്പിന്‍ ചൂടിനായി.
അറിയാതെയെന്‍ മനസ്സു തുടിച്ചു,
നിന്റെ ശ്വാസത്തിന്‍ കുളിരിനായി.

എനിക്കു വേണ്ടി നീ മൂളിയ
പാട്ടുകളോരോന്നും
ഒരു പുതുമഴയെന്ന പോലെ
എന്നില്‍ നിറയുന്നതു ഞാനറിഞ്ഞു.

നിന്റെ ചിരിയില്‍ വിരിഞ്ഞ
പൂക്കളുടെ ഗന്ധം
എന്റെ സ്വപ്നങ്ങളില്‍
നിറയുന്നതു ഞാന്‍ കണ്ടു.

നീയൊരു കാറ്റായ്
എന്റെ നൊമ്പരങ്ങളെ
തലോടിയുറക്കുന്നത് ഞാനറിഞ്ഞു.

നിന്റെ സ്നേഹം
എന്നെ പൂര്‍ണ്ണനാക്കുന്നതു
ഞാനറിഞ്ഞു.

വെറുതേ…

നിന്റെ കൈകള്‍ തഴുകിയ പൂക്കള്‍
ഇന്നെന്റെ കാതിലെത്തി
മധുരമായ് പാടുമ്പോള്‍,
നിന്റെ ചുണ്ടിലെ തേന്മണം
ഒരു കനലുപോലെന്നെ തളര്‍ത്തുന്നു.

നിന്റെ മുടിയിഴകളെ
തലോടിയിളക്കുന്ന കാറ്റ്
പതിയെയെന്‍ വഴിയില്‍ കളിക്കുമ്പോള്‍
നീ തനിച്ചാണെന്നു ഞാനറിയുന്നു.
നിന്റെ മിഴിയിലെ നനവ്
എന്നെ നൊമ്പരപ്പെടുത്തന്നു.



നിന്റെ പാട്ടുകളോരോന്നും
എന്റെ മനസ്സിനെ
പ്രണയിച്ചിരുന്നുവെന്ന്
ഞാനറിഞ്ഞിരുന്നില്ല.

നിന്റെ നോട്ടങ്ങള്‍ക്ക്
എന്റെ മനസ്സു തൊടാന്‍
കഴിഞ്ഞിരുന്നതുമില്ല.

എങ്കിലും,
ഒരു മുല്ലപ്പൂ ഗന്ധം പോലെ
നീയെന്നില്‍ നിറയുകയായിരുന്നു.

ഒരു പാതിരാമഴയിലെന്ന പോലെ
നിന്നില്‍ ഞാന്‍ അലിയുകയായിരുന്നു.



ഇന്നും, സന്ധ്യയില്‍
ഞാന്‍ തനിച്ചാകുമ്പോള്‍
നിലവിളക്കിന്റെ ജ്വാലയില്‍
നിന്റെ മുഖം ഞാന്‍
തിരിച്ചറിയാറുണ്ട്.

രാത്രിയില്‍,
നക്ഷത്രവെളിച്ചത്തില്‍
നിന്റെ വിരലുകള്‍
തലോടാനെന്‍ മനസ്സു വിതുമ്പാറുണ്ട്.

നിന്റെ കവിളില്‍ വിരിയുന്ന
നാണത്തിന്റെ തുടിപ്പുകള്‍
ഒരു വിരല്‍ത്തുമ്പാല്‍ ഒപ്പിയെടുക്കാന്‍
ഞാന്‍ കൊതിക്കാറുണ്ട്.

ഒരു ജന്മം മുഴുവന്‍
നിന്റെ മടിയില്‍ തലചായ്ചുറങ്ങാന്‍,
വരും ജന്മങ്ങളിലെല്ലാം
നിന്റെ കുഞ്ഞായിപ്പിറക്കാന്‍
ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.

പിന്നെയും നിന്റെ സ്നേഹം മുഴുവന്‍
രുചിച്ചറിയാന്‍,
നീ പോകുന്നയിടത്തെല്ലാം
നീയറിയാതെ
നിന്റെ നിഴലായി പിന്തുടരാന്‍…

ഒടുവില്‍,
വെയില്‍ മായുമ്പോള്‍
നിന്റെ പുഞ്ചിരിവെളിച്ചത്തില്‍
സ്വയമലിഞ്ഞില്ലാതാവാന്‍,

രാത്രിയില്‍,
ഒരു സ്വപ്നമായി
നിന്റെ നിദ്രയില്‍ വരാന്‍
ഞാന്‍ കാത്തിരിക്കുന്നു.
വെറുതേ…

Wednesday 7 November, 2007

യാത്ര

ഒരു യാത്രയുടെ ഒരുക്കത്തിലാണു ഞാന്‍.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്ക്...
മനസ്സു നിറയെ നിന്റെ ഗന്ധമുള്ള കുറേ ഓര്‍മ്മകളാണ്.
എന്റെ വഴികളില്‍ സുഗന്ധമായി നീയെന്നുമുണ്ടാവില്ലേ?

Wednesday 27 June, 2007

എന്റെ സംഗീതം

ഓരോ യാത്രയുടെയും ഒടുവില്‍
‍ഞാന്‍ എത്തിച്ചേരുന്നു,
എന്റെ ചിന്തകളുടെ തിരുമുറ്റത്ത്.
അവിടെ എനിക്കു കൂട്ട്
എന്റെ വാക്കുകള്‍ മാത്രം.
വാക്കുകള്‍ താളങ്ങളായി
എന്റെ ഉള്ളില്‍ നിറയുമ്പോള്‍,
എന്റെ ചിന്തകളുടെ ഈണം
ഒരു പാട്ടിലായ് ഞാന്‍ മൂളുന്നു.
അതാണെന്റെ സംഗീതം.

എന്റെ ചിരിയുടെ ഉടമ

നിലാവിനോട് ഞാന്‍ ചോദിച്ചു:
"ഇത്തിരി തിളക്കം കടം തരുമോ?
"നിലാവു പറഞ്ഞു:
"നിന്റെ ചിരിയിലുണ്ടല്ലോ
ഒരു കോടി നക്ഷത്രത്തിളക്കം..."

എന്റെ ചിരിയുടെ യഥാര്‍ഥ ഉടമയ്ക്ക്

എന്റെ നന്ദി, സ്നേഹം.